അയനം
പകലിന്റെ കാവലാൾ അഭിവാദനങ്ങളർപ്പിച്ച്
വിട വാങ്ങുമീ തൃസന്ധ്യയിൽ
കാല്പനികതയുടെ കൈപിടിച്ചു
കടലാഴങ്ങളിൽ മുത്തുച്ചിപ്പികൾ
തിരയുന്നു മനം ......
ഇരവിന്റെ ചഷകങ്ങൾ നിറക്ക്യും ഈ
അമാവാസിതൻ കദനങ്ങൾ
കടങ്കഥയോ
കൈവല്യ വീഥിയിൽ സ്മരണകൾ മുറിഞ്ഞൊരു
ആത്മാവുകൾ അനുഗമിക്കുന്നു
ഇരവിന്റെ വീഥികളിൽ .....
ഇടനാഴികളിൽ കുറുകുന്നു വെള്ളരിപ്രാവുകൾ പുരാവൃത്തങ്ങൾ പെരുമ്പറ കൊട്ടുന്നു
വചനങ്ങൾ മൗനത്തിന്റെ വാചാലതയിൽ
വിറകൊള്ളുമീ വീഥിയിൽ
എത്തി നോക്കുന്നു എങ്ങുനിന്നോ കടന്തലുകൾ
മണ്മറഞ്ഞ കാലത്തിന് സനാതന സത്യങ്ങൾ ....
ഇവിടെയീ ഗ്രീഷ്മ സന്ധ്യയിൽ
ചാതകങ്ങൾ കിതയ്ക്കുന്നു
ദാഹജലത്തിന്റെ ഒരിറ്റു കണം തേടി
പറന്നകലുന്നു ......
മാറ്റൊലി കൊള്ളുന്നു എങ്ങും രാവിന്റെ വിരഹഗീതം
കാലത്തിൻ വിപഞ്ചികയിൽ
അപശ്രുതി മീട്ടുന്നു പ്രപഞ്ച ദുഃഖങ്ങൾ ...
അനന്തമായ് നീളും ഈ അയനത്തിൻ
പാഥേയം മുറുക്കി കെട്ടി
ജീവിത ഭാണ്ഡവുമായ്
കാലത്തിൻ മറ്റൊരു അറ്റത്തേക്ക്
യാത്ര തുടരുന്നു ഏകാന്ത പഥികൻ ഞാൻ ....
[കോപ്പി റൈറ്റ് കവിത -ഡോ : സഞ്ജന വി .ബി ]
[ഇമേജ് - ഗൂഗ്‌ൾ ]


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ